ടെഹ്റാൻ: നയതന്ത്ര ചർച്ചകളെക്കുറിച്ച് സംസാരിക്കുമ്പോഴും ഇറാനെതിരെ ഒരു വലിയ കരയാക്രമണത്തിന് അമേരിക്ക പദ്ധതിയിടുന്നതായി ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഗാലിബാഫ്. ഇന്ന് നടത്തിയ പ്രസ്താവനയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. 3,500 സൈനികരുമായി ഒരു അമേരിക്കൻ യുദ്ധക്കപ്പൽ പശ്ചിമേഷ്യയിൽ എത്തിയ സാഹചര്യത്തിലാണ് ഗാലിബാഫിന്റെ ഈ കടുത്ത പ്രതികരണം.
സമാധാന ചർച്ചകൾക്കായി പാകിസ്ഥാൻ വഴി അമേരിക്ക കൈമാറിയ 15 ഇന പദ്ധതികളെ ഗാലിബാഫ് തള്ളി. "ശത്രു പരസ്യമായി ചർച്ചകൾക്ക് സന്ദേശം അയക്കുമ്പോൾ രഹസ്യമായി കരയാക്രമണത്തിന് കോപ്പുകൂട്ടുകയാണ്" എന്ന് അദ്ദേഹം പറഞ്ഞു. ഏകദേശം 3,500 സൈനികരും എഫ്-35 യുദ്ധവിമാനങ്ങളും വഹിക്കാൻ ശേഷിയുള്ള 'യുഎസ്എസ് ട്രിപ്പോളി' എന്ന യുദ്ധക്കപ്പൽ മേഖലയിൽ എത്തിയതായി റിപ്പോർട്ടുകളുണ്ട്. ഇത് കരയാക്രമണത്തിനുള്ള മുന്നൊരുക്കമാണെന്ന് ഇറാൻ വിലയിരുത്തുന്നു.
2026 ഫെബ്രുവരി 28-ന് ആരംഭിച്ച 'ഓപ്പറേഷൻ എപിക് ഫ്യൂറി' എന്ന പേരിൽ അമേരിക്കയും ഇസ്രയേലും നടത്തുന്ന വ്യോമാക്രമണം ഒരു മാസം പിന്നിട്ടിരിക്കുകയാണ്.